മഴയാണ് ... പെരുത്ത മഴ ... തുള്ളി ക്കൊരു കുടം പോലെ . കര്‍ക്കിടകമാണല്ലോ , പെയ്യും . ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടേ എന്ന് വിളിച്ചുപറഞ്ഞു സൂര്യൻ ഇടയ്ക്കു മിന്നി നോക്കാറുണ്ട് . ഇനിയിപ്പോ മിന്നി നോക്കിയില്ലെങ്കിൽ എന്താ ആവശ്യത്തിനു സൂര്യതാപം കേരളക്കരയാകെ എത്തുന്നുണ്ടല്ലോ . മഴതുടങ്ങിയാൽ പിന്നെ റോഡും ഓടയും തിരിച്ചറിയാൻ കഴിയില്ല . സർക്കാർ മഴ വെള്ള സംഭരണികൾ റോഡു മുഴുവനും ഉണ്ട് . വരും വർഷത്തെ ഊർജ്ജ പ്രതിസന്ധി മുന്നിൽ കണ്ടാകണം സർക്കാർ ഈ സംഭരണികളെ സംരക്ഷിക്കുന്നത് . ഈ സംഭരണികൾ കൊണ്ട് പല വകുപ്പുകൾക്കും പ്രയോജനം ലഭിക്കും . ജല വകുപ്പിന് ജലസേചനം നടത്താം, ഫിഷറീസിന് മത്സ്യ കൃഷി പരീക്ഷിക്കാം , ചിലയിടങ്ങളിൽ റോഡിലെ ഈ സംഭരണികളിൽ ചെളി നിറച്ചു നാട്ടുകാർ വാഴ കൃഷിയും പരീക്ഷിക്കാറുണ്ട്; അങ്ങനെയാണേൽ കൃഷി വകുപ്പിനും വിഷമിക്കാനില്ല . ലാഭമല്ലാതെ നഷ്ട്ടമൊന്നും ഈ മഴക്കാലം കൊണ്ട് ഉണ്ടാവില്ല .
നഷ്ടം പാവം ബസ് യാത്രക്കാർക്കാണ്. തവള ചാടുന്നതുപോലെ ചാടിച്ചാടി ഓടുന്ന ബസിലിരിക്കുന്ന അവസ്ഥ ... പാവം യാത്രക്കാർ ഊർജ്ജ പ്രതിസന്ധി ഇല്ലാത്ത കാലം മുന്നിൽകണ്ടാണ് എല്ലാം സഹിച്ചു മിണ്ടാതിരിക്കുന്നത് .