Monday, 4 November 2013

പുതിയ ലോകം



എങ്ങോട്ട് തിരിഞ്ഞാലും തിരക്കിട്ട് പായുന്നവരെയാണ് കാണാനുള്ളൂ . സമയത്തിനൊപ്പം പാഞ്ഞെത്താനുള്ള തത്രപ്പടാണോ അതോ സമയത്തിനെതിരെയുള്ള സമരമാനോയെന്നു തോന്നിപ്പോകും ഈ തിരക്ക് കണ്ടാൽ.
ചെവിയിൽ  ഹെഡ് സെറ്റും  വെച്ചു പാട്ടു കേട്ട് പോകുന്നവർ, ഉച്ചത്തിൽ ഫോണിൽ സംസാരിച്ചു പോകുന്നവർ, വേറെ ഏതോ ലോകത്തിൽ പെട്ട് യാന്ത്രികമായി യാത്ര ചെയ്യുന്നവർ, പിന്നെ കേരളത്തിൻറെ  സ്വന്തം അന്യസംസ്ഥാന തൊഴിലാളികളും. എൻറെ നാട്ടിൽ നിന്നും എറണാകുളത്തേക്കുള്ള ദൂരമാണിത്.      
ഇവിടെ മുഖത്തു  നോക്കി ചിരിക്കുന്നവർ കുറവാണ് . സ്വന്തം ലോകത്തിലെ തിരക്കില്പെട്ടു അലയുന്നവരാണ് എല്ലാം. ഇവിടെ വന്നിറങ്ങിയ നിമിഷം എനിക്കനുഭവപ്പെട്ടതു  ഒരുതരം ശ്വസംമുട്ടലാണ്. ഈ വലിയ ലോകത്ത് ഞാൻ ഒറ്റയ്ക്കായതുപോലെ. ചുറ്റിനും തെങ്ങുപോലെ വളർന്നു നിൽ ക്കുന്ന കോണ്ക്രീറ്റ് കെട്ടിടങ്ങൾ, പുതിയതായി വളർന്നു  വരുന്നവ, റോഡ്‌ കവിഞ്ഞു ഒഴുകുന്ന വാഹന നിര, മത്സരയോട്ടം നടത്തുന്ന ചുവന്ന സിറ്റി ബസ്സുകൾ, ആകെ ബഹളമയമാണ്.
ഈ തിരക്ക് ഞാൻ ഒട്ടും പരിചയിച്ചിട്ടില്ലാത്തതിനാലാകും എനിക്കീ ബുദ്ധിമുട്ടുകൾ. തിരക്കുകളില്ലാത്ത, തുറിച്ച നോട്ടങ്ങളില്ലാത്ത, രാത്രി കാലങ്ങളെ പ്രകാശപൂരിതമാക്കുന്ന നിയോണ്‍ വെളിച്ചങ്ങളുടെ ഈ ലോകത്ത് എനിക്കു  കൂട്ടിനു ഞാൻ മാത്രം...                    

Friday, 16 August 2013

പറയാതെ വയ്യ...

      

 കൊച്ചി നഗരത്തിലെ ഒരു ഹോസ്പിറ്റലിലേക്ക് രോഗിയെ സന്ദർശിക്കാനുള്ള  യാത്രയാണ്  സന്ദർഭം...

         കാത്തുനില്പ് വളരെ വിരസമാണ്. ദീർഘനേരത്തെ കാത്തുനില്പിന് ശേഷമാണ്  ഒരു കെ.എസ്. ആർ.ടി.സി. ബസ്‌ വന്നത്. അതിലാവട്ടെ സീറ്റൊന്നും ഒഴിവില്ല. കൊച്ചി വരെ നിന്നു പോകുന്ന  കാര്യം ആലോചിച്ചപ്പോ ഒരു പിൻവിളി ഉണ്ടായെങ്കിലും ഒരു ഭാഗ്യ പരീക്ഷണത്തിന്‌ നിൽക്കാതെ കിട്ടിയതാവട്ടെ എന്നുകരുതി കേറി.

       കണ്ടതുപോലെയല്ല  കാര്യങ്ങൾ, ഭാഗ്യ പരീക്ഷണത്തിന്‌ നിൽക്കാതിരുന്നത്  നന്നായി എന്നു പിന്നീടാണ് മനസിലായത്. കണ്ട്ക്ടറെ കണ്ടാൽ കണ്ണിച്ചോരയില്ലാത്ത മനുഷ്യനാന്നു തോന്നുമെങ്കിലും യുണീഫോമിൻറെ ഉള്ളിൽ ഒരു നല്ല മനസ്സ് ഉണ്ടെന്നു പിന്നീടാണ് തിരിച്ചറിഞ്ഞത് ( സ്ത്രീകൾ മാത്രം ). നിൽക്കുന്ന സ്ത്രീകളെ സീറ്റ്‌ കണ്ടുപിടിച്ച് ഇരുത്തുന്നുണ്ടായിരുന്നു ആ മഹാമനസ്കൻ. അങ്ങനെ എനിക്കും കിട്ടി ഒരു സീറ്റ്‌. സ്ത്രീകളുടെ സീറ്റിൽ ഇരുന്നു എന്ന കുറ്റത്തിന് പ്രായമായ ( ഏകദേശം 50-55 വയസ്സ് ) ഒരു ചേട്ടനെ ആ കണ്ട്ക്ടർ  എഴുന്നേൽപിച്ചു  വിട്ടു. മഹാമനസ്കതയുടെ " ആദ്യ ഇര". സംവരണ സീറ്റ്‌ ഒഴിപ്പിക്കൽ ആയി പിന്നീട്  അദ്ദേഹത്തിന്റെ പണി. എഴുന്നേറ്റു മാറേണ്ടി വന്നവരെല്ലാം ദൂര യാത്ര ചെയ്യുന്നവരായതിനാൽ അവരെല്ലാം കണ്ട്ക്ടറെ ചീത്ത വിളിക്കുന്നുണ്ടായിരുന്നു. സംവരണ സീറ്റിൽ ഇരുന്ന നിങ്ങളല്ലേ കുറ്റക്കാർ ,  ഞാൻ എൻറെ ഡ്യൂട്ടി ചെയ്തു  അത്രേ ഉള്ളു എന്നായിരുന്നു കണ്ട്ക്ടറുടെ  ഭാവം. പകുതിയിലധി കം വരുന്ന പുരുഷ പ്രജകൾ ഈ ഒഴിപ്പിക്കലോടെ ഇരിക്കാനും നിൽ ക്കാനും സ്ഥലമില്ലാതെ  നിന്നു  വട്ടം കറങ്ങുന്നത്‌ കാണേണ്ടിവന്നു. പുറകിലിരിക്കുന്ന സ്ത്രീകളെ എഴുന്നേല്പിച്ചു വിടാത്തെ എന്തേ? സംവരണമില്ലാത്ത സീറ്റ്‌  പോലും ഞങ്ങൾക്കില്ലേ? എന്നൊക്കെ ചോദ്യങ്ങൾ എഴുന്നേറ്റു മാറേണ്ടി വന്ന "ഇര " കളിൽ നിന്നും  ഉയർന്നു.

       സ്ത്രീകളെ കുറ്റപ്പെടുതുന്നതല്ല; എന്നാലും സംഗതി ശരിയല്ലേ? സംവരണം ചെയ്തു ഒഴിച്ചിട്ട സീറ്റ്‌ കൂടാതെ എല്ലാ സീറ്റും സ്ത്രീകൾ കയ്യടക്കിയാൽ പാവം പുരുഷൻമാർ എന്തു ചെയ്യും? അവർ ആരോട് പരാതി പറയും? അവർക്കും വേണ്ടേ സീറ്റ്‌ സംവരണം?

Tuesday, 6 August 2013

ഇങ്ങനെയും ഒരു വെള്ളപൊക്കം...



         രാവിലെ  കണ്ണു തുറന്ന്  പുറത്തേക്ക് നോക്കിയതെ കണ്ടത് വെള്ളമായിരുന്നു. രാത്രിവരെ  വരെ ഒരു  കുഴപ്പവും ഇല്ലാതിരുന്ന  പാടത്താണ് വെള്ളം പൊങ്ങിയിരിക്കുന്നത്‌. ടെലിവിഷൻ തുറന്നപ്പോൾ കേട്ട വാർത്തകളും  കൊള്ളം, ഡാമുകൾ തുറന്നുവിട്ടു, ഇടുക്കിയിൽ ഉരുൾ പൊട്ടൽ,  അങ്ങനെ ദുരന്ത വാർത്തകൾ തന്നെ...
       അവധി വാർത്തകൾ പത്രത്തിൽ  കണ്ടില്ലെങ്കിലും ഞാൻ സ്വയം അവധി പ്രഖ്യാപിച്ചു. വർഷങ്ങൾക്കു  ശേഷമാണ് ഇങ്ങനെ വെള്ളം പൊങ്ങുന്നത് അത് നഷ്ടപ്പെടുത്താൻ മനസ്സുവന്നില്ല. മുവാറ്റുപുഴ പട്ടണത്തിലേക്കുള്ള  ഞങ്ങളുടെ വഴിയാണ് വെള്ളം കേറി മുങ്ങിക്കൊണ്ടിരിക്കുന്നത്. പക്ഷെ 'വെള്ളം പൊങ്ങുന്നു'  എന്ന വാർത്ത  നാട് മുഴുവൻ  ഉണർന്ന  ഒരു പ്രതീതിയാണ് ഉണ്ടാക്കിയത്. തലങ്ങും വിലങ്ങും പായുന്ന ടു വീലറുകൾ, വെള്ളം പൊങ്ങുന്നത് കാണാൻ പോകുന്ന പ്രദേശവാസികൾ, അപ്രതീക്ഷിതമായി  വീണു കിട്ടിയ അവധി വെള്ളത്തിൽ കളിച്ച്‌ ആഘോഷമാക്കുന്ന കുട്ടികൾ, ചൂടു പിടിച്ച ചർച്ചകൾ എല്ലാമായി ആകെ ഒരു ബഹളമയം.

        വീട്ടിൽ  നിന്ന് വെള്ളം കണ്ട്  മതിയാകത്തതുകൊണ്ട് കിട്ടിയ ഒരു ചാൻസിൽ ഞാനും ഓടി 'റോഡ്‌ കാണാൻ'. മുട്ടോളം വെള്ളം പൊങ്ങിയ റോഡ്‌ വർഷങ്ങൾ മുൻപത്തെ ഇതുപോലത്തെ ഒരു മഴക്കാലത്തെ ഓർമിപ്പിച്ചു. റോഡ്‌ ഏത് പാടമേത് എന്ന് തിരിച്ചറിയാൻ പറ്റാത്തവിധം വെള്ളം പൊങ്ങിക്കിടക്കുന്നുണ്ട്. പ്രായഭേദമില്ലാതെ ചെറുപ്പക്കാരും മുതിർന്നവരുമെല്ലാം റോഡിൽ ഹാജരുണ്ട്. ചെറുപ്പക്കാർ വെള്ളത്തിലൂടെ  ബൈക്കും, കാറും ഓടിച്ചു കളിക്കുമ്പോൾ മുതിർന്നവർ 'നീലക്കുറിഞ്ഞി പൂത്തപോലെ' വർഷങ്ങൾക്കു ശേഷം ഉണ്ടായ വെള്ളപോക്കത്തേ ക്കുറിച്ചുള്ള ചർച്ചകളിൽ മുഴുകി കുട്ടിക്കളികൾ  കണ്ടു നിന്നു. 

      വീണു കിട്ടിയ അവസരം ആഘോഷമാക്കുന്നവരായിരുന്നു കൂടുതലും. രണ്ട് മാസക്കാലം മഴപെയ്തിട്ടും വണ്ടി വെള്ളം കാണിക്കാത്തവർ പോലും  വണ്ടിയുമായി ഇറങ്ങിയിട്ടുണ്ടായിരുന്നു... വെള്ളം പൊങ്ങി ഒരു രാത്രിക്കു ശേഷം  പതുക്കെ ഇറങ്ങിതുടങ്ങി. ഇനി എന്നാ ഇങ്ങനെ ഒരു അവസരം കിട്ടണേ  എന്ന് പറയാൻ പറ്റാത്ത കൊണ്ട്  വീണ്ടും റോഡിലെ കാഴ്ച കാണാൻ ഇറങ്ങി.  ഇതാണ് ശരിക്കും ആഘോഷമെന്നു മനസു മന്ത്രിച്ചു. നാട്ടിലെ ജനങ്ങൾ മുഴുവനും റോഡിൽ ഒത്തുകൂടിയിട്ടുണ്ടായിരുന്നു... കളിച്ചും, ചിരിച്ചും, ഒരു പൂരപറമ്പു പോലെ ...
      ചുറ്റിലും വെള്ളം ഉണ്ടെങ്കിലും  ഞങ്ങളുടെ കുടിവെള്ളം മുട്ടിച്ച് പൈപ്പിലുടെയുള്ള വെള്ളം വരവു  നേരത്തേ നിലച്ചിരുന്നു, കറണ്ട് കൂടി പോയതോടെ വെള്ളപൊക്കം ഒരല്പം ബുദ്ധിമുട്ടിച്ചു എന്നുതന്നെ പറയാമെങ്കിലും ഇതൊക്കെ ഒരു രസമല്ലേ...

       

Tuesday, 30 July 2013

മഴ മഴ ... കുഴി കുഴി ...

      മഴയാണ് ... പെരുത്ത മഴ ... തുള്ളി ക്കൊരു കുടം  പോലെ . കര്‍ക്കിടകമാണല്ലോ , പെയ്യും . ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടേ  എന്ന് വിളിച്ചുപറഞ്ഞു സൂര്യൻ ഇടയ്ക്കു മിന്നി നോക്കാറുണ്ട് . ഇനിയിപ്പോ മിന്നി നോക്കിയില്ലെങ്കിൽ എന്താ ആവശ്യത്തിനു  സൂര്യതാപം കേരളക്കരയാകെ  എത്തുന്നുണ്ടല്ലോ . മഴതുടങ്ങിയാൽ പിന്നെ റോഡും ഓടയും തിരിച്ചറിയാൻ കഴിയില്ല . സർക്കാർ മഴ വെള്ള സംഭരണികൾ റോഡു മുഴുവനും  ഉണ്ട് . വരും വർഷത്തെ ഊർജ്ജ പ്രതിസന്ധി മുന്നിൽ കണ്ടാകണം സർക്കാർ ഈ സംഭരണികളെ സംരക്ഷിക്കുന്നത് . ഈ സംഭരണികൾ കൊണ്ട് പല വകുപ്പുകൾക്കും പ്രയോജനം ലഭിക്കും . ജല വകുപ്പിന് ജലസേചനം നടത്താം, ഫിഷറീസിന്  മത്സ്യ കൃഷി  പരീക്ഷിക്കാം , ചിലയിടങ്ങളിൽ  റോഡിലെ ഈ സംഭരണികളിൽ ചെളി നിറച്ചു നാട്ടുകാർ വാഴ കൃഷിയും പരീക്ഷിക്കാറുണ്ട്; അങ്ങനെയാണേൽ കൃഷി വകുപ്പിനും  വിഷമിക്കാനില്ല . ലാഭമല്ലാതെ നഷ്ട്ടമൊന്നും ഈ മഴക്കാലം കൊണ്ട് ഉണ്ടാവില്ല .

     നഷ്ടം പാവം ബസ് യാത്രക്കാർക്കാണ്. തവള ചാടുന്നതുപോലെ ചാടിച്ചാടി ഓടുന്ന ബസിലിരിക്കുന്ന അവസ്ഥ ... പാവം യാത്രക്കാർ ഊർജ്ജ പ്രതിസന്ധി ഇല്ലാത്ത കാലം മുന്നിൽകണ്ടാണ് എല്ലാം സഹിച്ചു മിണ്ടാതിരിക്കുന്നത് .