രാവിലെ കണ്ണു തുറന്ന് പുറത്തേക്ക് നോക്കിയതെ കണ്ടത് വെള്ളമായിരുന്നു. രാത്രിവരെ വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന പാടത്താണ് വെള്ളം പൊങ്ങിയിരിക്കുന്നത്. ടെലിവിഷൻ തുറന്നപ്പോൾ കേട്ട വാർത്തകളും കൊള്ളം, ഡാമുകൾ തുറന്നുവിട്ടു, ഇടുക്കിയിൽ ഉരുൾ പൊട്ടൽ, അങ്ങനെ ദുരന്ത വാർത്തകൾ തന്നെ...
അവധി വാർത്തകൾ പത്രത്തിൽ കണ്ടില്ലെങ്കിലും ഞാൻ സ്വയം അവധി പ്രഖ്യാപിച്ചു. വർഷങ്ങൾക്കു ശേഷമാണ് ഇങ്ങനെ വെള്ളം പൊങ്ങുന്നത് അത് നഷ്ടപ്പെടുത്താൻ മനസ്സുവന്നില്ല. മുവാറ്റുപുഴ പട്ടണത്തിലേക്കുള്ള ഞങ്ങളുടെ വഴിയാണ് വെള്ളം കേറി മുങ്ങിക്കൊണ്ടിരിക്കുന്നത്. പക്ഷെ 'വെള്ളം പൊങ്ങുന്നു' എന്ന വാർത്ത നാട് മുഴുവൻ ഉണർന്ന ഒരു പ്രതീതിയാണ് ഉണ്ടാക്കിയത്. തലങ്ങും വിലങ്ങും പായുന്ന ടു വീലറുകൾ, വെള്ളം പൊങ്ങുന്നത് കാണാൻ പോകുന്ന പ്രദേശവാസികൾ, അപ്രതീക്ഷിതമായി വീണു കിട്ടിയ അവധി വെള്ളത്തിൽ കളിച്ച് ആഘോഷമാക്കുന്ന കുട്ടികൾ, ചൂടു പിടിച്ച ചർച്ചകൾ എല്ലാമായി ആകെ ഒരു ബഹളമയം.
വീട്ടിൽ നിന്ന് വെള്ളം കണ്ട് മതിയാകത്തതുകൊണ്ട് കിട്ടിയ ഒരു ചാൻസിൽ ഞാനും ഓടി 'റോഡ് കാണാൻ'. മുട്ടോളം വെള്ളം പൊങ്ങിയ റോഡ് വർഷങ്ങൾ മുൻപത്തെ ഇതുപോലത്തെ ഒരു മഴക്കാലത്തെ ഓർമിപ്പിച്ചു. റോഡ് ഏത് പാടമേത് എന്ന് തിരിച്ചറിയാൻ പറ്റാത്തവിധം വെള്ളം പൊങ്ങിക്കിടക്കുന്നുണ്ട്. പ്രായഭേദമില്ലാതെ ചെറുപ്പക്കാരും മുതിർന്നവരുമെല്ലാം റോഡിൽ ഹാജരുണ്ട്. ചെറുപ്പക്കാർ വെള്ളത്തിലൂടെ ബൈക്കും, കാറും ഓടിച്ചു കളിക്കുമ്പോൾ മുതിർന്നവർ 'നീലക്കുറിഞ്ഞി പൂത്തപോലെ' വർഷങ്ങൾക്കു ശേഷം ഉണ്ടായ വെള്ളപോക്കത്തേ ക്കുറിച്ചുള്ള ചർച്ചകളിൽ മുഴുകി കുട്ടിക്കളികൾ കണ്ടു നിന്നു.
വീണു കിട്ടിയ അവസരം ആഘോഷമാക്കുന്നവരായിരുന്നു കൂടുതലും. രണ്ട് മാസക്കാലം മഴപെയ്തിട്ടും വണ്ടി വെള്ളം കാണിക്കാത്തവർ പോലും വണ്ടിയുമായി ഇറങ്ങിയിട്ടുണ്ടായിരുന്നു... വെള്ളം പൊങ്ങി ഒരു രാത്രിക്കു ശേഷം പതുക്കെ ഇറങ്ങിതുടങ്ങി. ഇനി എന്നാ ഇങ്ങനെ ഒരു അവസരം കിട്ടണേ എന്ന് പറയാൻ പറ്റാത്ത കൊണ്ട് വീണ്ടും റോഡിലെ കാഴ്ച കാണാൻ ഇറങ്ങി. ഇതാണ് ശരിക്കും ആഘോഷമെന്നു മനസു മന്ത്രിച്ചു. നാട്ടിലെ ജനങ്ങൾ മുഴുവനും റോഡിൽ ഒത്തുകൂടിയിട്ടുണ്ടായിരുന്നു... കളിച്ചും, ചിരിച്ചും, ഒരു പൂരപറമ്പു പോലെ ...
ചുറ്റിലും വെള്ളം ഉണ്ടെങ്കിലും ഞങ്ങളുടെ കുടിവെള്ളം മുട്ടിച്ച് പൈപ്പിലുടെയുള്ള വെള്ളം വരവു നേരത്തേ നിലച്ചിരുന്നു, കറണ്ട് കൂടി പോയതോടെ വെള്ളപൊക്കം ഒരല്പം ബുദ്ധിമുട്ടിച്ചു എന്നുതന്നെ പറയാമെങ്കിലും ഇതൊക്കെ ഒരു രസമല്ലേ...

Nice one..........
ReplyDelete